JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/04/2024

Latest News

Archive

ചൈനീസ് പോണ്ട് ഹെറൺ കേരളത്തിലെത്തിയത് ആദ്യമായി; അമ്പരന്ന് ഗവേഷകർ! (Source: Malayala Manorama 13-06-2020)

 

 

                 കേരളത്തിൽ ആദ്യമായി ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽ പെട്ട കൊക്കിനെ കണ്ടെത്തി. എറണാകുളം ജില്ലയിലെ തട്ടേക്കാട് മേഖലയിൽ നിന്നുമാണ് കൊക്കിനെ കണ്ടെത്തിയത്. ഇന്ത്യയിൽ ഈ ഇനത്തിൽ പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.

 

                 രണ്ടുദിവസം മുൻപ് തട്ടേക്കാട് നാടുകാണി എന്ന പ്രദേശത്ത് കൂടി സഞ്ചരിക്കുന്നതിനിടെ പ്രകൃതി ഗവേഷകരായ അനൂപ് ജേക്കബും ആബിദ് ഹനീഫും യാദൃശ്ചികമായാണ് പക്ഷിയെ കണ്ടെത്തിയത്. മുൻപ് വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൈനീസ് പോണ്ട് ഹെറൺ ആണി തെന്ന സംശയത്തെത്തുടർന്ന് അപ്പോൾ തന്നെ പക്ഷിയുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു പിന്നീട് വിശദമായ വിശകലനങ്ങൾക്ക് ശേഷം കണ്ടത് ചൈനീസ് പോണ്ട് ഹൈറണിനെ തന്നെയാണെന്ന് ഉറപ്പിച്ചു.

 

           തൂവലുകളുടെ നിറമാണ് ഈ ഇനത്തിൽപ്പെട്ട കൊക്കിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചൈനീസ് പോണ്ട് ഹൈറണിന്റെ ഇന്ത്യൻ പതിപ്പായ ഇന്ത്യൻ പോണ്ട് ഹൈറണുമായി ഇവയ്ക്കു രൂപ സാദൃശ്യമുണ്ട്. വെള്ളയും തവിട്ടും ഇടകലർന്ന തൂവലുകളാണ് ഇവയ്ക്ക് സാധാരണയായി ഉള്ളത് എന്നാൽ പ്രചനനം നടത്തുന്ന സമയത്ത് ചൈനീസ് പോണ്ട് ഹെറണിന്റെ തൂവലുകളുടെ നിറത്തിൽ വ്യത്യാസമുണ്ടാവും. കഴുത്തിന്റെ ഭാഗത്ത് കടുത്ത തവിട്ടു നിറത്തിലും ശരീരത്തിന്റെ മുകൾഭാഗം കറുപ്പ് നിറത്തിലും ഉള്ള തൂവലുകളോടുകൂടിയാണ് പ്രജനനം നടത്തുന്ന സമയത്ത് ഇവയെ കാണാൻ സാധിക്കുന്നത്. തട്ടേക്കാട് നിന്ന് കണ്ടെത്തിയ കൊക്കിനും ഇതേ നിറത്തിലുള്ള തൂവൽ ആയതിനാലാണ് അവയെ വേഗത്തിൽ തിരിച്ചറിയാനായതെന്ന് അനൂപ് ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

                     ഈ ഇനത്തിൽ പെട്ട ഒരു പക്ഷിയെ മാത്രമാണ് തട്ടേക്കാട് കണ്ടത്. അതിനാൽ പ്രജനന സമയത്ത് സാധാരണയായി അവ സഞ്ചരിക്കുന്ന പ്രദേശങ്ങളിലേക്ക് നീങ്ങുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ദിശമാറിയെത്തിയതാവാം എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.19 ഇഞ്ചുവരെ നീളം ഉണ്ടാകാറുള്ള ചൈനീസ് പോണ്ട് ഹെറണുകൾക്ക് മഞ്ഞ നിറത്തിലുള്ള ചുണ്ടും കണ്ണുകളും കാലുകളുമാണുള്ളത്. ശുദ്ധജലമുള്ള പ്രദേശങ്ങളിലും തണ്ണീർതടങ്ങളിലും കുളങ്ങളിലുമൊക്കെയാണ് ചൈനയിൽ ഇവ സാധാരണയായി കണ്ടുവരുന്നത്. ശുദ്ധജലത്തിൽ കണ്ടുവരുന്ന മത്സ്യങ്ങളും കവചജന്തുക്കളും ആണ് ഇവയുടെ പ്രധാന ഭക്ഷണം. ചൈനയ്ക്ക് പുറമേ കിഴക്കൻ ഏഷ്യയിലെ ഉപഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു.

 

          സ്വതവേ ഇവ കാണപ്പെടുന്ന പ്രദേശങ്ങളിൽ എണ്ണത്തിൽ ഏറെയുണ്ടെങ്കിലും ഈ ഇനത്തിൽപ്പെട്ട ഒരെണ്ണം മാത്രം കേരളത്തിൽ എത്തപ്പെട്ടത് എങ്ങനെയെന്ന ആശ്ചര്യത്തിലാണ് പക്ഷിനിരീക്ഷകർ. മുൻപ് ചെന്നൈയിൽ ഈ ഗണത്തിൽ പെട്ട മറ്റൊരു പക്ഷിയെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇനിയും തട്ടേക്കാട് പ്രദേശത്ത് പക്ഷിയെ കണ്ടെത്താനായാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.