വടക്ക്–കിഴക്കൻ ഇന്ത്യൻ വനാന്തരങ്ങളിൽ നിന്ന് സസ്യ ലോകത്തേക്ക് 2 പുതിയ ഇഞ്ചിയിനങ്ങൾ കൂടി മലയാളി ഗവേഷകർ കണ്ടെത്തി. പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷകനുമായ ടി.ജയകൃഷ്ണൻ, സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ആൽഫ്രഡ് ജോ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. വി.എസ്.ഹരിഷ്, ഡോ. എം.സാബു എന്നിവരടങ്ങുന്ന ഗവേഷക സഘമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. സിഞ്ചിബർ കോർണിജിറം, സിഞ്ചിബർ കംപാനുലേറ്റം എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന സസ്യങ്ങളെ അരുണാചൽ പ്രദേശിലെ ലോവർ ഡിബാങ്ക് വാലി ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്.