Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Monday, May 6, 2024

Latest News

Archive

മീനച്ചിലാറ്റിൽ 45 ഇനം തുമ്പികൾ (Source: Mathrubhumi 12/12/2022)

                            2021-ൽ 55 ഇനങ്ങളും 2022-ൽ 54 ഇനങ്ങളും കണ്ടെത്തിയിരുന്നു

   

      പീലിത്തുമ്പി

 

      മീനച്ചിൽ നദീതടത്തിൽ തുമ്പികളുടെ വൈവിധ്യം, മുൻ വർഷങ്ങളിലേതിനേക്കാൾ വ്യത്യാസമില്ലാതെ തുടരുന്നുവെന്ന്‌ സർവേ റിപ്പോർട്ട്. 22-ഇനം സൂചിത്തുമ്പികളും 23-ഇനം കല്ലൻ തുമ്പികളും ഉൾപ്പെടെ 45-ഇനം തുമ്പികളെ ഉത്ഭവപ്രദേശമായ മേലടുക്കം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായൽവരെ 16 ഇടങ്ങളിലായി നടന്ന സർവേയിൽ കണ്ടെത്തി. കേരള വനം വകുപ്പ് സാമൂഹ്യ വനവത്‌കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും ചേർന്നാണ്‌ 2012 മുതൽ എല്ലാവർഷവും തുമ്പി സർവേ നടത്തുന്നത്‌.

 

         2021-ൽ 55 ഇനങ്ങളും 2022-ൽ 54 ഇനങ്ങളും കണ്ടെത്തിയിരുന്നു. ഏറ്റവുമധികമായി കാണപ്പെട്ടത് തുലാത്തുമ്പി, തവളക്കണ്ണൻ തുമ്പി, ചങ്ങാതി തുമ്പി, നാട്ട് പൂത്താലി എന്നിവയാണ്. ശുദ്ധജലത്തിന്റെ സൂചകമായി കരുതാവുന്ന പീലിത്തുമ്പി അടുക്കംമുതൽ കിടങ്ങൂർ പുന്നത്തുറവരെ കാണാനായി.

 

        മലിനജലത്തിന്റെ സൂചകമായ ചങ്ങാതി തുമ്പി തിരുവഞ്ചൂർ മുതൽ മലരിക്കൽ വരെയുള്ളയിടങ്ങളിൽ മാത്രമാണ് കണ്ടത്. എലിപ്പുലിക്കാട്ട് കടവിലും നാഗമ്പടത്തുമാണ് ഈ തുമ്പികളെ കൂട്ടത്തോടെ കണ്ടെത്തിയത്. മീനച്ചിലാറ്റിൽ അത്ര സാധാരണമല്ലാതിരുന്ന എണ്ണക്കറുപ്പൻ തുമ്പി, ചേരാച്ചിറകൻ തുമ്പി, കാട്ട് പുൽച്ചിന്നൻ എന്നിവയെയും കണ്ടെത്തി. കൊതുക് നിർമാർജനത്തിന് ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതു തലമുറയ്ക്ക്‌ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സർവേ കോ-ഓർഡിനേറ്റർ ഡോ. കെ.ഏബ്രഹാം സാമുവൽ പറഞ്ഞു. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. നെൽസൺ പി.ഏബ്രഹാം, എം.എൻ.അജയകുമാർ, ശരത് ബാബു എൻ., അനൂപാ മാത്യൂസ്, സൗമ്യ, രഞ്ജിത് ജേക്കബ്, ടോണി ആന്റണി, ഷിബി മോസസ്, അമൃതാ വി.രഘു, എ.ശ്രീദേവി എന്നിവർ നേതൃത്വം നൽകി.