Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, May 8, 2024

Latest News

Archive

‘ചങ്ങാതി’ തുമ്പികൾ പെരുകുന്നു, ജലമലിനീകരണത്തിന്റെ സൂചന; വേമ്പനാടും മീനച്ചിലാറും ഭീഷണിയിൽ (Source: Malayala Manorama 26/02/2024)

 

ഒരു പ്രത്യേക പ്രദേശത്ത് അത്യപൂർവമായ ജീവികളോ പക്ഷികളോ അവിടേക്കു കൂട്ടത്തോടെ എത്തിയാൽ ‘സംതിങ് ഫിഷി’ എന്ന് പറയാറുണ്ട്. അവർക്ക് അനുകൂലമായ എന്തോ സാഹചര്യം ഉടലെടുത്തെന്നു കരുതാം. പലപ്പോഴും അത് യാഥാർഥ്യമാകാറുണ്ട്. അത്തരത്തിൽ കോട്ടയത്തെ ചില ഭാഗങ്ങളിൽ കണ്ട ചങ്ങാതിത്തുമ്പികളും ഒരു സന്ദേശം നൽകുന്നുണ്ട്– ജലാശയങ്ങളെ മലിനമാകുന്നു! വേമ്പനാട്ടു കായലോര മേഖലയിൽ 60 കി.മീ ദൂരത്തിൽ 14 സ്ഥലങ്ങളിലായി നടന്ന സർവേയിൽ 30 ഇനം തുമ്പികളെയാണ് കണ്ടെത്തിയത്. സാമൂഹിക വനവൽക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും ചേർന്നാണ് സർവേ നടത്തിയത്.ചങ്ങാതിത്തുമ്പികളുടെ പെരുകൽ വേമ്പനാട്ടു കായലിൽ ജലമലിനീകരണം രൂക്ഷമായതിന്റെ തെളിവാണെന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ ഡയറക്ടർ ഡോ. പുന്നൻ കുര്യൻ മനോരമ ഓൺലൈനോട് പറഞ്ഞു. തുമ്പികളെക്കുറിച്ചും പരിസ്ഥിതി പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത്: ‘മീനച്ചിലാർ, വേമ്പനാട്ടു കായൽ, കോന്നി വനമേഖല എന്നിവിടങ്ങളിലെല്ലാം വർഷങ്ങളായി വാർഷിക തുമ്പി സർവേ നടത്താറുണ്ട്. ഇങ്ങനെ നടത്തിയതിൽ മലിനീകരണമുള്ള സ്ഥലങ്ങളിലെല്ലാം ചങ്ങാതിത്തുമ്പികളുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ടു. പൊതുവെ എല്ലാ തുമ്പികളും ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. അതിൽ ചിലത് വളരെ ശുദ്ധമായ വെള്ളത്തിൽ മാത്രമേ മുട്ടയിടാറുള്ളൂ. എന്നാൽ ചങ്ങാതിത്തുമ്പികൾ വ്യത്യസ്തരാണ്. അവർക്ക് മുട്ടയിടാൻ മലിനജലം വേണം. അതുകൊണ്ടുതന്നെ അവയെ മലിനീകരണ സൂചകമായികണക്കാക്കുന്നു. മീനച്ചിലാറിന്റെ കാര്യമെടുത്താൽ ഈരാറ്റുപേട്ട, പാലാ, കിടങ്ങൂർ, കോട്ടയം തുടങ്ങി നഗരപ്രദേശങ്ങളോട് ചേർന്നയിടങ്ങളിൽ ചങ്ങാതിത്തുമ്പികളെ കണ്ടെത്തി. വേമ്പനാട്ടു കായലിന്റെ ഭാഗങ്ങളായ ചങ്ങനാശേരി, വൈക്കംഎന്നിവിടങ്ങളിലും കണ്ടെത്തി. നഗരങ്ങളിലെ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന പ്രദേശങ്ങളിലെല്ലാം വലിയ തോതിൽ ചങ്ങാതിത്തുമ്പികളെ കാണാൻ കഴിഞ്ഞു. വനപ്രദേശത്തും ഉയർന്ന പ്രദേശങ്ങളിലും കരചേർന്ന ഭാഗങ്ങളിലുമാണ് സാധാരണ സൂചിത്തുമ്പിയെയും കരിയിലത്തുമ്പിയെയും കാണാറുള്ളത്. എന്നാൽ ഇത്തവണ കായൽപ്രദേശത്തും ഈ തുമ്പികളെ കാണാനായി. വൈക്കം, കുമരകം മേഖലയിലാണ് കണ്ടെത്തിയത്.