Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, March 28, 2024

Latest News

Archive

ജെല്ലി ഫിഷുകളെക്കാൾ കൂടുതൽ മാസ്ക്കുകൾ: സമുദ്രങ്ങൾക്ക് വെല്ലുവിളിയായി കോവിഡ് മാലിന്യങ്ങൾ (Source: Malayala Manorama 10/06/2020

mask

 

                  കൊറോണ വൈറസ് വ്യാപനം സമുദ്രങ്ങൾ വലിയതോതിൽ മലിനമാകുന്നതിന് കാരണമാകുമെന്ന് പരിസ്ഥിതി ഗവേഷകർ. നിലവിൽ സമുദ്രജീവികളുടെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം കൊവിഡിനെ ചെറുക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി സമുദ്രങ്ങളിലേയ്ക് എത്തുന്നത് ഏറെ ആശങ്കയോടെയാണ് പരിസ്ഥിതി പ്രവർത്തകർ നോക്കിക്കാണുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി സമുദ്രജലത്തിൽ വലിയതോതിൽ ഡിസ്പോസിബിൾ മാസ്കുകളും ഗ്ലൗസുകളും ജെല്ലി ഫിഷുകൾ കണക്കെ പൊങ്ങി കിടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഗവേഷകർ ആശങ്ക പങ്കുവയ്ക്കുന്നത്.

 

      ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഓപ്പറേഷൻ മെർ പ്രൊപറെ എന്ന സന്നദ്ധസംഘടന കോവിഡ് മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ കുറിച്ച് കഴിഞ്ഞ മാസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മെഡിറ്ററേനിയൻ സമുദ്രത്തിൽ കെട്ടുകണക്കിന് മാസ്ക്കുകളും ഗ്ലൗസുകളും ഒഴിഞ്ഞ സാനിറ്റൈസറിന്റെ കുപ്പികളുമാണ് പുതിയതായി എത്തിയിരിക്കുന്നത്.. മുൻപുതന്നെ സമുദ്ര ജലം മലിനമാക്കിയിരുന്ന പ്ലാസ്റ്റിക് കുപ്പികൾക്കും അലുമിനിയം കാനുകൾക്കും പുറമേ പുതിയ മാലിന്യങ്ങൾ കൂടി എത്തുന്നത്.

 

      സമുദ്രത്തിൻറെ ആവാസവ്യവസ്ഥയ്ക്ക് ഏറെ ദോഷകരമാണ്. പ്രതീക്ഷിച്ചതിലും വളരെ ഉയർന്ന അളവിലാണ് മാസ്ക്കുകളും മറ്റും കടലിലേക്ക് പുറന്തള്ളപ്പെടുന്നത് എന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾ കൊറോണാ വൈറസിനെ നേരിടാൻ മാസ്ക്കുകളും ഗ്ലൗസുകളും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കണക്കില്ലാതെ ഉപയോഗിക്കുന്നത് ഗുരുതരമായ മാലിന്യപ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഫ്രാൻസിലെ ജനങ്ങൾക്ക് മാത്രമായി രണ്ടു ബില്ല്യൺ ഡിസ്പോസിബിൾ മാസ്കുകളാണ് തയ്യാറാക്കുന്നത്. മറ്റു ലോകരാജ്യങ്ങളുടെ കണക്കുകൾ കൂടി എടുക്കുമ്പോൾ അവ ഉണ്ടാക്കിയേക്കാവുന്ന മാലിന്യ പ്രശ്നം ചിന്തിക്കാവുന്നതിലും മുകളിലാണെന്ന് ഓപ്പറേഷൻ മെർ പ്രൊപറെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. സമുദ്രത്തിൽ നിന്നും മുങ്ങൽ വിദഗ്ധർ കണ്ടെടുത്ത പായലും മണ്ണും കലർന്ന മാസ്ക്കുകളുടെയും ഗ്ലൗസുകളുടെയും ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

    ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗം 2018ൽ പുറത്തിറക്കിയ കണക്കുകളനുസരിച്ച് പ്രതിവർഷം 13 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് സമുദ്രത്തിൽ എത്തുന്നത്. കൊറോണ വൈറസ് ലോകത്ത് പിടിമുറുക്കുന്നതോടെ ഈ കണക്കുകൾ വീണ്ടും കുത്തനെ ഉയരുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഡിസ്പോസിബിൾ മാസ്കുകൾ മാത്രം അഴുകുന്നതിന് 450 വർഷം വേണ്ടിവരും. അതായത് എണ്ണമില്ലാത്ത അത്രയും അളവിൽ സമുദ്രത്തിലേക്ക് എത്തുന്ന ഈ മാസ്ക്കുകൾ ഭൂമിക്കു തന്നെ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന ഗുരുതര പ്രശ്നമായി തീരാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.