Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, April 20, 2024

Latest News

Archive

കേൾക്കാത്ത ശബ്ദം’ ശ്രീഹരി പിടിച്ചെടുത്തു; രാജ്യത്തെ ഏറ്റവും വലിയ വവ്വാൽ ശബ്ദബാങ്ക് കേരളത്തിൽ (Source: mathrubhumi 19-02-2021)

Bat Sound Bank

 

തൃശ്ശൂർ: രാജ്യത്തെ ഏറ്റവും വലിയ വവ്വാൽ ശബ്ദബാങ്ക് കേരളത്തിൽ രൂപംകൊണ്ടു. കൊല്ലം മൺട്രോത്തുരുത്ത് കൃഷ്ണവിലാസത്തിൽ ശ്രീഹരി രാമനാണ് ഇതിനുപിന്നിൽ. കോഴിക്കോട്ട് നിപ പടർന്നപ്പോൾ വവ്വാലിന്റെ ഇനം തിരിച്ചറിയാനെത്തിയ യുവഗവേഷകൻ. കേരളത്തിലെ പശ്ചിമഘട്ടത്തിലെ വവ്വാലുകൾ ഏതിനമാണെന്ന് അവയെ പിടിക്കാതെതന്നെ തിരിച്ചറിയാൻ ഈ ശബ്ദബാങ്ക് സഹായിക്കും.

 

 ഇനി ‘ബാറ്റ് ഡിറ്റക്ടർ’ മതി

 

            ബാറ്റ് ഡിറ്റക്ടർ എന്ന ചെറു ഉപകരണം വെച്ചാൽമതി. അതിൽ റെക്കോഡ് ആവുന്ന ശബ്ദം ശ്രീഹരി ഉണ്ടാക്കിയ ശബ്ദബാങ്കിൽ കൊടുത്താൽ ഏതിനം ആണെന്ന് അപ്പോൾ തന്നെ അറിയാം. നിപയുടെ കാലത്ത് കിണറ്റിലിറങ്ങി വവ്വാലിനെ പിടിച്ചാണ് തിരിച്ചറിഞ്ഞത്.

 

ശബ്ദം പ്രാണിതീനി വവ്വാലുകളുടേത്

 

                പശ്ചിമഘട്ടത്തിൽ മൊത്തം 63 ഇനം വവ്വാലുകളാണുള്ളത്. ഇതിൽ ആറ് ഇനം മാത്രമാണ് പഴംതീനി വവ്വാലുകളുള്ളത്. ബാക്കി പ്രാണി തീനികളാണ്. പഴംതീനികൾക്ക് കാഴ്ചശക്തി കൂടുതലായതിനാൽ അവ അൾട്രാ സോണിക് ശബ്ദം പുറപ്പെടുവിക്കാറില്ല. എന്നാൽ, 20,000 മുതൽ രണ്ടു ലക്ഷംവരെ ഹേർട്സ് ആവൃത്തിയുള്ള അൾട്രാ സോണിക് ശബ്ദമാണ് 57 ഇനവും പുറപ്പെടുവിക്കുന്നത്. ഈ ആവൃത്തിയിലുള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധിക്കില്ല.

 

                     57 ഇനം പ്രാണിതീനി വവ്വാലുകളിൽ 42 ഇനത്തിന്റെ ശബ്ദമാണ് ശ്രീഹരി റെക്കോഡ് ചെയ്തത്. 2016-ൽ തുടങ്ങിയതാണിത്. അഗസ്ത്യമല, പെരിയാർ, മൂന്നാർ, സൈലന്റ് വാലി, വയനാട്, റാണിപുരം, ശെന്തുരുണി, അതിരപ്പിള്ളി തുടങ്ങി 30 ഭാഗങ്ങളിലെ ഉൾക്കാടുകളിൽനിന്നാണ് ശബ്ദശേഖരം ഉണ്ടാക്കിയത്.

 

20,000 മുതൽ 1,70,000 ഹേർട്സ് വരെയുള്ള ശബ്ദങ്ങൾ.

 

               1400 വവ്വാലുകളെ പഠനത്തിനായി പിടിച്ചു. പിടിച്ച വവ്വാലുകളെ വലകൊണ്ടുള്ള ടെന്റ് ഉണ്ടാക്കി അതിൽ പറക്കാൻ അനുവദിക്കും. അപ്പോഴാണ് സ്വാഭാവിക ശബ്ദം ഉണ്ടാവുക. 2070 തരംഗങ്ങൾ റെക്കോഡ് ചെയ്തു. 20,000 മുതൽ 1,70,000 ഹേർട്സ് വരെയുള്ള ശബ്ദങ്ങൾ കിട്ടി.

 

             ശ്രീഹരിയുടെ പ്രബന്ധം പോളണ്ടിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അക്ടാ കൈറപ്റ്റിറോജിക്ക എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 2020-ൽ ഹിമാലയത്തിലെ വവ്വാലുകളുടെ ശബ്ദം റെക്കോഡ് ചെയ്തതാണ് രാജ്യത്ത് ഇത്തരത്തിലെ ആദ്യസംഭവം. അന്ന് 33 ഇനത്തിന്റെ ശബ്ദമാണ് കിട്ടിയത്.