Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, May 1, 2024

Latest News

Archive

അദ്ഭുതം! ആദ്യമായി 'ആയിരംകാലി'യെ കണ്ടെത്തി; നടക്കുന്നത് 1374 കാലുകളിൽ (Source: Malayala Manorama 18/12/2021)

 

  ലോകത്തിലെ യഥാർഥ 'ആയിരംകാലി'യായ ജീവിയെ ഓസ്ട്രേലിയയിൽ കണ്ടെത്തി തേരട്ട രൂപത്തിലുള്ള, നേർത്ത മഞ്ഞ നിറമുള്ള ഈ ജീവി നടക്കുന്നത് 1374 കാലുകളിലാണ്. യൂമില്ലിപ്പസ് പെർസിഫോണി എന്ന പേരാണ് ഈ ജീവിക്ക് ശാസ്ത്രജ്ഞർ തുടർന്നു നൽകിയിരിക്കുന്നത്. പത്തു സെന്റിമീറ്റർ നീളമുള്ള ഈ ജീവിയെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഗോൾഡ്ഫീൽഡ്സ് എസ്പെരൻസ് എന്ന ഖനിപ്രദേശത്ത് 200 അടി താഴ്ചയിലാണു കണ്ടെത്തിയത്ഇരുമ്പും വോൾക്കാനിക് പാറകളും നിറഞ്ഞുള്ള പ്രദേശത്താണ് ഇവയെ കണ്ടെത്തിയത്. സ്വർണം, വനേഡിയം, ലിഥിയം എന്നീ ലോഹങ്ങളുടെ ഖനനം തകൃതിയായി നടക്കുന്ന മേഖലയാണ് ഇത്.

 

ലോകത്തിൽ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയാണ് ഇതെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ഖനിയിൽ കാണപ്പെടുന്ന ചിലയിനം ഫംഗസുകളാണ് ഇവയുടെ പ്രധാന ആഹാരം. കോണിക്കൽ ആകൃതിയിലുള്ള തലയും കൊക്കുകൾ പോലെ ഘടനയുള്ള വായും തലയ്ക്കു മുന്നിൽ വലിയ ആന്റിനയും ഈ പെൺ തേരട്ടയ്ക്കുണ്ട്. ആന്റിന ഇതിന്റെ പ്രധാന ഇന്ദ്രിയമാണ്.

 

ആയിരം കാലുകൾ ഉള്ളതെന്ന അർഥത്തിൽ പല അട്ടകളെയും ആയിരംകാലി (മില്ലീപിഡ്) എന്നു സാധാരണയായി വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇതുവരെ ആയിരം കാലുള്ള ജീവികൾ കണ്ടെത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. കലിഫോർണിയ മില്ലിപ്പീഡ് എന്നറിയപ്പെടുന്ന ഒരു വിരയായിരുന്നു ഇക്കാര്യത്തിൽ ഇതുവരെ റെക്കോർഡ് നിലനിർത്തിയിരുന്നത്. 750 കാലുകളാണ് ഈ ജീവിക്കുണ്ടായിരുന്നത്.

 

യുഎസിലെ പ്രശസ്ത സർവകലാശാലയായ വെർജീനിയ ടെക്കിലെ ശാസ്ത്രജ്ഞൻ പോൾ മാരെക്കിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞ സംഘമാണു പഠനം നടത്തിയത്. വിവിധ തരം വിരകളെ ഇവർ ശേഖരിച്ചു. മിക്കതിനും ആയിരത്തിനടുത്തോ അതിനു മുകളിലോ എണ്ണത്തിൽ കാലുകളുണ്ടായിരുന്നു. ഒരെണ്ണത്തിനാണ് 1374 കാലുകൾ ഉണ്ടായിരുന്നത്. പഠനഫലം സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഗ്രീക്ക് ഇതിഹാസത്തിലെ അധോലോകത്തിന്റെ ദേവതയായ പെഴ്സിഫോണിന്റെ പേരിലാണു തേരട്ടയ്ക്കു പേരു നൽകിയിരിക്കുന്നത്.

 

40 കോടി വർഷങ്ങൾ മുൻപാണു തേരട്ടകൾ ഭൂമിയിൽ ഉദ്ഭവിച്ചതെന്നു കരുതപ്പെടുന്നു. ഇന്ന് 13000 സ്പീഷീസുകൾ ഈ 13000 സ്പീഷീസുകൾ ഈ വിഭാഗത്തിലുണ്ട്. പ്രധാനമായും ചത്ത സസ്യങ്ങളെയും ഫംഗസുകളെയുമാണ് ഇത്തരം അട്ടകൾ ഭക്ഷിക്കുന്നത്. നശിച്ച സസ്യങ്ങളിൽ നിന്നു കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങൾ പ്രകൃതിയിലേക്കു തിരികെ വിടുകയെന്ന പ്രധാനപ്പെട്ട ദൗത്യം ഈ ജീവികൾ നടപ്പിലാക്കുന്നു.