JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| പുതുക്കിയത: 07/11/2024

കൃഷി

 

 

                  വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിന്റെ സവിശേഷതകളും ഉള്ള കേരളം നാണ്യവിളകൾ, ഭക്ഷ്യവിളകൾ, തോട്ടവിളകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന കൃഷിരീതിക്ക് അനുയോജ്യമാണ്. ഭക്ഷ്യവിളകളിൽ നിന്ന് ഭക്ഷ്യേതര വിളകളിലേക്കുള്ള മാറ്റം പോലുള്ള കാര്യമായ മാറ്റങ്ങൾ ഈ മേഖലയിൽ വർഷങ്ങളായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സംസ്ഥാനത്തിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ പ്രദേശത്ത് കാർഷികേതര പ്രദേശത്തിന്റെ (നിലവിലെ തരിശല്ലാതെയുള്ള കൃഷിയോഗ്യമായ തരിശുഭൂമിയും ഉൾപ്പെടെ) വിഹിതം ഗണ്യമായി വർദ്ധിച്ചു. ഭൂമി കൈവശമുള്ളവരുടെ ശരാശരി വലിപ്പം 0.18 ഹെക്ടറായി കുറഞ്ഞു (കാർഷിക സെൻസസ് 2015-16).

 

കേരളത്തിലെ കാർഷിക വരുമാനത്തിലെ പ്രവണതകൾ 

 

                കാർഷിക മേഖല വികസന പ്രക്രിയയിൽ ഗണ്യമായ പങ്ക് വഹിക്കുന്നു. ഇത് തൊഴിൽ സൃഷ്ടിക്കൽ, ഭക്ഷ്യസുരക്ഷ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഉപജീവനം, ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരൽ എന്നിവയിൽ സ്വാധീനം ചെലുത്തുന്നു. കാർഷിക മേഖല സംസ്ഥാനത്തെ പ്രാഥമിക ഉപജീവനമാർഗ്ഗമായി തുടരുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന വൈവിദ്ധ്യമാർന്ന കാർഷിക കാലാവസ്ഥ, തോട്ടവിളകൾ, നാണ്യവിളകൾ, ഭക്ഷ്യവിളകൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിളകളുടെ കൃഷിയ്ക്ക് അനുകൂലമാണ്.

 

                 ഈ മേഖലയിലെ മോശം വളർച്ചാനിരക്ക് കഴിഞ്ഞ ദശകത്തിലെ വെല്ലുവിളികളിലൊന്നാണ്. വിളകളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയും കാർഷിക വളർച്ചാ നിരക്ക് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്ന സമീപനമാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ സംസ്ഥാനം ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും ഉല്പാദനം കുറയുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സംയോജിത കൃഷി സമ്പ്രദായങ്ങൾ, കൃഷിയിടാസൂത്രണാധിഷ്ഠിതമാക്കിയുള്ള വികസന സമീപനം എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ടു് കാർഷിക വികസന പരിപാടികൾ നടപ്പിലാക്കി വരുന്നു. കർഷകകൂട്ടായ്മകളിലൂടെ ഉല്പാദനം, മൂല്യവർദ്ധന സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് നടപ്പിലാക്കുന്നതിന്റെ പാതയിലാണ് സംസ്ഥാനം. ആഗോളതലത്തിൽ കാർഷികമേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾക്കൊപ്പമെത്തുന്നതിന്, സംസ്ഥാനം നാനോടെക്നോളജി, ജൈവസാങ്കേതികവിദ്യ എന്നിവ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കേണ്ടതുണ്ടു്. കാർഷിക മേഖല സാമ്പത്തികമായി പ്രതിഫലദായകവും ബൗദ്ധിക ഉത്തേജനവും നൽകുന്ന വിധം പരിഷ്കരിക്കുന്നതിലൂടെ കൂടുതൽ യുവാക്കളെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കുവാൻ സഹായകമാകും. ഉല്പാദനവും വിപണനവും പുന:ക്രമീകരിക്കുകയും വിപണനത്തിൽ സഹകരണമേഖലയുടെ കരുത്ത് ഉപയോഗപ്പെടുത്തുകയും വേണം. കൃഷിയും കർഷകരുടെ വരുമാനവും ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഒരു വിളനിർദ്ദിഷ്ട മൂല്യശൃംഖല വികസിപ്പിക്കുന്നതിന് ഊന്നൽ നൽകേണ്ടത് ആവശ്യമാണ്.

 

കാർഷികമേഖലയിലെ മൊത്തമൂല്യവർദ്ധനവ്

 

                    രാജ്യത്തിന്റെ മൊത്തം മൂല്യവർദ്ധനവിൽ കൃഷി അനുബന്ധ മേഖലകളുടെ വിഹിതം കഴിഞ്ഞ ദശകത്തിൽ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. 2013-14 വർഷത്തിൽ വിഹിതം 17.8 ശതമാനമായിരുന്നത് 2022-23ൽ 15.1 (താൽക്കാലികം) ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്ത മൂല്യവർദ്ധനവിൽ കൃഷി അനുബന്ധ മേഖലകളുടെ പങ്ക് 2021-22 ൽ 8.97 (താൽക്കാലികം) ശതമാനമായിരുന്നത് കുറഞ്ഞ് 8.52 (ദ്രുതകണക്കെടുപ്പ്) ശതമാനം രേഖപ്പെടുത്തി (പട്ടിക 3.1.1).

 

(പട്ടിക 3.1.1) മൊത്തം മൂല്യവർദ്ധനവിൽ ജി.വി.എ/ജി.എസ്.വി.എ/കാർഷിക അനുബന്ധമേഖലകളുടെ പങ്കു്, ദേശീയതലത്തിലും സംസ്ഥാനതലത്തിലും (സ്ഥിരവില, അടിസ്ഥാന വർഷം 2013-14 മുതൽ 2022-23 വരെ)

വർഷം

മൊത്തം മൂല്യവർദ്ധനവിൽ (ജി.വി.) കൃഷി അനുബന്ധമേഖലകളുടെ പങ്കു് (ഇന്ത്യ) (ശതമാനത്തിൽ)

സംസ്ഥാനത്തിന്റെ മൊത്തം മൂല്യവർദ്ധനവിൽ (ജി.എസ്.വി.) കൃഷി അനുബന്ധമേഖലകളുടെ പങ്കു് (കേരളം) (ശതമാനത്തിൽ)

2013-14

17.8

12.37

2014-15

16.5

11.92

2015-16

15.4

10.74

2016-17

15.2

9.96

2017-18

15.3

9.61

2018-19

14.8

9.03

2019-20

15.1

8.55

2020-21

16.4

9.64

2021-22

15.6

8.97(P)

2022-23

15.1(P)

8.52(Q)

കുറിപ്പ്: (P) താല്‍ക്കാലികം, (Q) ദ്രുതകണക്കെടുപ്പ്
അവലംബം: നാഷണല്‍ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് 2023, സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പു്

 

വളർച്ചാനിരക്കിന്റെ ഗതി:

 

            ദേശീയ വരുമാനത്തിന്റെ താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവിൽ കൃഷി അനുബന്ധ മേഖലകളുടെ പങ്ക് 2021-22 ൽ 15.6 ശതമാനമായിരുന്നത് 2022-23 ൽ 15.1 ശതമാനമായി കുറഞ്ഞു.

 

                  സംസ്ഥാനത്ത് മുൻവർഷങ്ങളിൽ കൃഷി-അനുബന്ധ മേഖലകളുടെ വിളകൾ, കന്നുകാലികൾ, വനം, മത്സ്യബന്ധനം എന്നിവ ഉൾപ്പെടെ) വാർഷിക വളർച്ചാ നിരക്ക് (ജി.എസ്.വി.എ 2011-12 ലെ സ്ഥിര വിലയിൽ) ഏറിയും കുറഞ്ഞുമിരുന്നു. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പിന്റെ 2023 ലെ കണക്കുകൾ പ്രകാരം 2021-22 ൽ 4.91 (താൽക്കാലികം) ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2022-23 ൽ 0.87 ശതമാനമായി ദ്രുതകണക്കെടുപ്പ്) കുറഞ്ഞു (പട്ടിക 3.1.2). ഇതേ കാലയളവിൽ വിള മേഖലയിലെ വളർച്ചാ നിരക്ക് 3.67 ശതമാനത്തിൽ നിന്നും 0.74 ശതമാനമായി കുറഞ്ഞു. (ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് 2023, കേരള സർക്കാർ).

 

  (പട്ടിക 3.1.2) 2013-14 മുതൽ 2022-23 വരെയുള്ള കേരളത്തിലെ കാർഷിക, അനുബന്ധ മേഖലകളിലെ മൊത്ത മൂല്യവർദ്ധിത (GVA) വളർച്ചാ നിരക്ക്2013-14 to 2021-22  

 

വർഷം

കേരളത്തിലെ വാർഷിക വളർച്ചാ നിരക്ക് (%)

2013-14

- 6.3

2014-15

0.02

2015-16

- 5.1

2016-17

-0.65

2017-18

2.1

2018-19

-2.09

2019-20

-2.56

2020-21

1.58

2021-22

4.91 (P)

2022-23

0.87 (Q)

അവലംബം: നാഷണല്‍ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ്  2023 & DES,

കേരളക്കുറിപ്പ്: (P) താല്‍ക്കാലികം, (Q) ദ്രുതകണക്കെടുപ്പ്