പൊമറൈൻ സ്‌കുവ
മറ്റു പക്ഷികളിൽ നിന്ന് ഭക്ഷണം കവർന്നുതിന്നുന്ന പൊമറെെൻ സ്കുവയടക്കമുള്ള ദേശാടനപ്പക്ഷികളെ കണ്ടെത്തി. കേരള വനം-വന്യജീവി വകുപ്പിന്റെ മലപ്പുറം സാമൂഹികവനവത്കരണ വിഭാഗം പൊന്നാനിയിൽ നടത്തിയ കടൽപ്പക്ഷി സർവേയിലാണ് കണ്ടെത്തൽ. ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷികളാണ് സ്കുവ. സാധാരണ കണ്ടുവരുന്ന പക്ഷി ഇനങ്ങളിൽ ചില പക്ഷികളെ ഇപ്രാവശ്യം കാണാൻ സാധിച്ചില്ലെന്ന് പക്ഷിനിരീക്ഷകർ അറിയിച്ചു.
പൊമറെെൻ സ്കുവയെക്കൂടാതെ ആർട്ടിക് സ്കുവ, കോമൺ ടേൺ, വലിയ ആളകൾ, ചെറിയ കടലാളകൾ എന്നിവ ചേർന്ന് ഒമ്പതിനങ്ങളെ ഇപ്രാവശ്യം രേഖപ്പെടുത്തി. അതേ സമയം അത്ര സാധാരണമല്ലാത്ത പക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം അൽപം കൂടുതലാണ്. കഴിഞ്ഞവർഷം ഡിസംബറിൽ നടത്തിയ സർവേയിൽ 14 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. ഇത്തവണയത് ഒമ്പതായി കുറഞ്ഞു. എന്നാൽ ഉള്ളവ എണ്ണത്തിൽ കൂടുതലാണ്.
സോഷ്യൽ ഫോറസ്ട്രി ഡി.സി.എഫ്. സജികുമാർ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. സർവേ സംഘത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരായ പക്ഷിനിരീക്ഷകരും പങ്കെടുത്തു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡി.സി.എഫ്. സജികുമാർ, റെയ്ഞ്ച് ഓഫീസർമാരായ നിഷാൽ പുളിക്കൽ, രാജീവൻ, പക്ഷിനിരീക്ഷകരായ സത്യൻ മേപ്പയൂർ, മലപ്പുറം ബേർഡേഴ്സ് എന്നിവർ സർവേയ്ക്ക് നേതൃത്വം നല്കി.