കടലുണ്ടിയിലെ കണ്ടൽപ്രദേശത്ത് കാണുന്ന സ്മൂത്ത് കോട്ടഡ് നീർനായ
കൂട് മത്സ്യക്കൃഷിയുടെ വ്യാപനവും തണ്ണീർത്തടങ്ങളുടെ നാശവും കീടനാശിനികളുടെ അമിതോപയോഗവും നീർനായ്ക്കൾക്ക് കടുത്ത ഭീഷണിയാവുന്നു. ‘നദിയിലെ കടുവ’യായി കണക്കാക്കുന്ന ജീവിയാണിത്. കൂടുകൃഷിപോലുള്ള മീൻപിടിത്തമാർഗങ്ങളുടെ വ്യാപനം പലപ്പോഴും ഇവയും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. കൂടുകൃഷിയുമായി ബന്ധപ്പെട്ട് ഇവയെ വിഷംവെച്ചുകൊന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജലത്തിലെ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലത്തെ കണ്ണിയായ നീർനായ്ക്കളുടെ സാന്നിധ്യം പുഴകളുടെയും തണ്ണീർത്തടങ്ങളുടെയും പാരിസ്ഥിതികാരോഗ്യത്തിന്റെ സൂചനയാണ്. അടുത്തിടെ കടലുണ്ടിക്ക് സമീപം തീവണ്ടിതട്ടി അഞ്ചു നീർനായ്ക്കൾ ചത്തിരുന്നു.
ലോകത്താകമാനം 13 ഇനം നീർനായ്ക്കളുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എൻ.) ചുവപ്പുപട്ടികയിൽവരുന്ന, വംശനാശഭിഷണിയുള്ള സ്മൂത്ത് കോട്ടഡ് നീർനായ, മല നീർനായ എന്നിവയാണ് കേരളത്തിലുള്ളത്.