ആദ്യത്തെ ബേര്ഡ് ഫെസ്റ്റിവലിനിടെ നടത്തിയ കണക്കെടുപ്പിൽ സുന്ദര്ബന്സില് രേഖപ്പെടുത്തിയത് 145 പക്ഷിവിഭാഗങ്ങൾ. 78 ഓളം കാട്ടുപക്ഷികളും വിവിധ നീര്പ്പക്ഷികളും ഇതില് ഉള്പ്പെടും. ആറ് സംഘങ്ങള് ചേര്ന്നാണ് 4,000 ചതുരശ്ര കിലോമീറ്റര് പരന്നു കിടക്കുന്ന സുന്ദര്ബന് ബയോസ്പിയര് റിസര്വ്വില് കണക്കെടുപ്പ് നടത്തിയത്. ഫെബ്രുവരി 8നും 9നും നടന്ന കണക്കെടുപ്പില് 5,065 പക്ഷികളെയാണ് കണ്ടെത്തിയത്. കൂടുതല് വിവരങ്ങള്ക്കായി റിപ്പോര്ട്ട് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
യൂറേഷ്യന് കര്ലൂ, ലെസര് സാന്ഡ് പ്ലോവര്, ബ്രൗണ് ബോക്ക് ഔള് തുടങ്ങിയ പക്ഷി ഇനങ്ങളെയും കണ്ടെത്തി. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ച് കിടക്കുന്ന സുന്ദര്ബന്സ് നൂറ് കണക്കിന് വരുന്ന കടുവകളുടെ വാസസ്ഥലം കൂടിയാണ്. സുന്ദര്ബന്സില് ഇതുവരെ 428 ഓളം വിവിധ ഇനങ്ങളില്പ്പെട്ട പക്ഷികളെ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് സുവോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ കണക്കുകള് സൂചിപ്പിക്കുന്നു.
ബഫര് സോണിലാണ് ഏറ്റവുമധികം പക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയത്. 128 വര്ഗ്ഗങ്ങളെ ബഫര് സോണില് കണ്ടെത്തിയപ്പോള് സംരക്ഷിത മേഖലയ്ക്ക് പുറത്തായി 71 പക്ഷി വിഭാഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയതായും അധികൃതര് വ്യക്തമാക്കി. റിപ്പോര്ട്ടുകള് വെള്ളിയാഴ്ചയാണ് പുറത്തു വന്നത്. കണക്കെടുപ്പ് നടത്തിയ മേഖലയില് നാല് മുതല് അഞ്ചോളം വരുന്ന പക്ഷികളുടെ പ്രജനന കേന്ദ്രങ്ങളും കണ്ടെത്തി. സംരക്ഷിക്കപ്പെടേണ്ട മേഖലയാണിതെന്ന് മുതിര്ന്ന ഉദ്യോഗസ്ഥര് പ്രതികരിച്ചു.