പ്ലാസ്റ്റിക് മലിനീകരണം ഭൂമിയിലെ ജീവജാലങ്ങൾക്ക് മാരകമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ഇന്നോളം നടത്തിയ എല്ലാ പഠനങ്ങളും തെളിയിക്കുന്നു. എന്നാലിതാ ഭൂമിയിൽ ജീവന്റെ നിലനിൽപിന് തന്നെ പ്ലാസ്റ്റിക് അന്ത്യം കുറിച്ചേക്കാമെന്ന് സൂചന നൽകിക്കൊണ്ട് പുതിയ ഒരു രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ . ഓസ്ട്രേലിയയിലെ കടൽ പക്ഷികളിലാണ് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അനന്തരഫലമായി രോഗമുണ്ടാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അറിയാതെ ഭക്ഷിക്കുന്ന പക്ഷികൾക്കാണ് ഈ രോഗാവസ്ഥയുണ്ടാവുന്നത്. ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മൂലം പക്ഷികളുടെ ദഹന സംവിധാനത്തിൽ വീക്കം ഉണ്ടാകുന്നു. ഓസ്ട്രേലിയയിലെയും യുകെയിലെയും വിദഗ്ധരടങ്ങുന്ന സംഘം സംയോജിതമായി നത്തിയ പരിശോധനകളിലാണ് രോഗസാന്നിധ്യം തിരിച്ചറിഞ്ഞത്. ഹസാർഡസ് മെറ്റീരിയൽസ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചത്ത നിലയിൽ കണ്ടെത്തിയ ഫ്ലഷ് ഫുട്ടഡ് ഷിയർവാട്ടർ എന്ന ഇനത്തിൽപ്പെട്ട 20 പക്ഷികളുടെ ജഡങ്ങളിലായിരുന്നു പരിശോധനകൾ നടന്നത്.
ഇവയുടെ ആന്തരികാവയവങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തി. പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മൂലം കോശങ്ങളുടെ ഘടനയിൽ സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. ഭക്ഷണവും പ്ലാസ്റ്റിക്കും വേർതിരിച്ചെടുക്കാനാവാത്ത നിലയിൽ ഭക്ഷിച്ചതാണ് ഇവയുടെ രോഗാവസ്ഥയ്ക്ക് കാരണം. എന്നാൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉള്ളിലെത്തിയ ഉടൻ തന്നെ ഇവയ്ക്ക് മരണ സംഭവിക്കുകയല്ല ചെയ്യുന്നത്. ശരീര പ്രവർത്തനങ്ങൾ പലവിധത്തിൽ തടസ്സപ്പെടുന്നത് മൂലം ക്രമേണ അവയ്ക്ക് ഭക്ഷണം കഴിക്കാനാവാതെ വരികയും മരണസംഭവിക്കുകയുമാണ് ചെയ്യുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാക്കുന്നത് ഏറിയപങ്കും ഫ്ലഷ് ഫുട്ടഡ് ഷിയർവാട്ടർ പക്ഷികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഇനത്തിൽപ്പെട്ട പക്ഷികളുടെ മുട്ടകൾ വിരിഞ്ഞാൽ അവയ്ക്ക് പരമാവധി ഭക്ഷണം നൽകി വയറു നിറയ്ക്കുകയാണ് അമ്മ ... പക്ഷികളുടെ രീതി. കൃത്യമായ ഭക്ഷണമാണ് നൽകുന്നതെങ്കിൽ കുഞ്ഞുങ്ങൾ വേഗത്തിൽ തന്നെ ആരോഗ്യത്തോടെ വളരും. എന്നാൽ നിലവിലെ അവസ്ഥയിൽ ഇത്തരത്തിൽ അമ്മ പക്ഷികൾ കുഞ്ഞുങ്ങളുടെ വയറ്റിലേക്ക് എത്തിക്കുന്ന ഭക്ഷണത്തിൽ പകുതിയിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അതിനാൽ കുഞ്ഞുങ്ങളുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ അവയുടെ ആരോഗ്യത്തിന് വലിയ രീതിയിലുള്ള ദോഷമാണ് സംഭവിക്കുന്നത്.ഈ കാരണംകൊണ്ട് അവ പ്രായമെത്തും മുൻപ് തന്നെ ചത്തുപോകുന്ന പ്രവണതയും ഏറെയാണ്.