കർണാടക,തെലങ്കാന, ഒഡീഷ, ആന്ധ്ര പ്രദേശ് എന്നിങ്ങനെ നാലു സംസ്ഥാനങ്ങളിലെ ദേശീയ പക്ഷിയാണ് ഇന്ത്യൻ റോളർ അഥവാ പനങ്കാക്ക എന്ന പറവ. കാണാന് അതീവ സുന്ദരനായ ഈ പക്ഷിയുടെ മുഖവും നെഞ്ചുഭാഗവും ഇളം പിങ്ക് നിറത്തിലും ബാക്കി ശരീരം ആകാശനീല നിറത്തിലും കാണപ്പെടുന്നു. ആൺപക്ഷികളും പെൺപക്ഷികളും കാഴ്ചയില് ഒരുപോലെ തന്നെയാണ്. 30 സെന്റിമീറ്ററിലധികം നീളവും 65 സെന്റിമീറ്ററിലധികം ചിറക് വീതിയും ഇവയ്ക്കുണ്ട്.
പടിഞ്ഞാറൻ ഏഷ്യ മുതല് ഇന്ത്യൻ ഉപഭൂഖണ്ഡം വരെ നീണ്ടുകിടക്കുന്ന മേഖലയിലാണ് ഇവ ജീവിക്കുന്നത്. എന്നാൽ എന്നാൽ ഇന്ത്യയിലാണ് ഇവയുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇവ താമസിക്കുന്നു. മനുഷ്യരുടെ വാസസ്ഥലങ്ങളോട് അടുത്തുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ റോളർ പാർക്കുകളിലും മറ്റു മനുഷ്യനിർമിത ഇടങ്ങളിലുമൊക്കെ താമസിക്കാറുണ്ട്. റോഡിലെ റൗണ്ട്എബൗട്ടുകളിൽ സ്ഥിരമായി കാണപ്പെടുന്നതിനാൽ റൗണ്ട്എബൗട്ട് ബേർഡ് എന്നാണ് ഇതിനെ ഒമാനിൽ വിളിക്കുന്നത്. കാക്കകളും കഴുകൻമാരുമൊക്കെയാണ് ഇന്ത്യൻ റോളറുകളുടെ പ്രധാന ശത്രുക്കൾ. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയത്താണ് ഇവയുടെ പ്രജനനം. ചിതലുകൾ, ചെറിയ ഉരഗങ്ങൾ, തവളകൾ എന്നിവയൊക്കെ ഇത് ഭക്ഷിക്കാറുണ്ട്.
ഇരുതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൂവലുകൾ വ്യാപാരം ചെയ്യുന്നത് വലിയ ഒരു വ്യവസായമായി വളർന്നു. തിളങ്ങുന്ന നിറമുള്ളതിനാൽ ഇന്ത്യൻ റോളർ പക്ഷികളുടെ തൂവലിന് അന്ന് വലിയ ഡിമാൻഡായിരുന്നു. ഇതുമൂലം വൻതോതിൽ ഇവ വേട്ടയാടപ്പെട്ടു.1887 മുതൽ ഇതു സംരക്ഷിക്കപ്പെട്ട പക്ഷിയാണ്.