
കുസാറ്റിലെ സംഘം കണ്ടെത്തിയ സൂക്ഷ്മ ജലജീവിക്ക് പേരു നൽകിയത് മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി... രാമേശ്വരം മണ്ഡപം തീരത്തിനു സമീപത്തു നിന്നു പുതിയ ഇനം ജലക്കരടിയെ (ടാർഡിഗ്രേഡ്) കണ്ടെത്തിയ കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ അതിന് മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു നൽകി–‘ബാറ്റിലിപ്പെസ് കലാമി’. സൂക്ഷ്മ ജലജീവിയായ ടാർഡിഗ്രേഡ് ഭൂമിയിലെ ഏറ്റവും കഠിനമായ പരിസ്ഥിതി സാഹചര്യത്തെ അതിജീവിക്കാൻ കെൽപുള്ളവയാണ്. 0.17 മില്ലീമീറ്റർ നീളവും 0.05 മില്ലീമീറ്റർ വീതിയുമുള്ള ബാറ്റിലിപ്പെസ് കലാമിയെ കുസാറ്റ് മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷക വിദ്യാർഥിയായ എൻ.കെ.വിഷ്ണുദത്തനും സീനിയർ പ്രഫസറും ഡീനുമായ ഡോ.ബിജോയ് നന്ദനുമാണ് ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്. ഇന്ത്യയുടെ കിഴക്കൻ തീരത്തു നിന്ന് ഒരു ടാർഡിഗ്രേഡിനെ ശാസ്ത്രീയമായ വർഗീകരണം നടത്തുന്നത് ആദ്യമായാണെന്നു ഗവേഷകർ അവകാശപ്പെട്ടു. രാജ്യാന്തര ജേണലായ സൂടാക്സയിൽ ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു.