കേരളതീരത്ത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ഗവേഷകർ പുതിയയിനം ആഴക്കടൽ സ്രാവിനെ തിരിച്ചറിഞ്ഞു. ‘സ്ക്വാലസ് ഹിമ’ എന്നാണ് കണ്ടെത്തിയ സ്രാവ് സ്പീഷിനു പേരുനൽകിയത്. സ്ക്വാല കുടുംബത്തിലെ ഡോഗ് ഫിഷ് ജനുസ്സിലാണ് സ്ക്വാലസ് ഹിമ വരുന്നത്. ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽനിന്നാണ് സ്രാവിനെ ശേഖരിച്ചത്. ഇന്ത്യൻതീരത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം സ്രാവുകളായ എസ്മിറ്റ്സുകുറി, ലാലാനി എന്നീ വിഭാഗത്തിൽനിന്ന് വ്യത്യസ്തമാണ് സ്ക്വാലസ് ഹിമ. തള്ളിനിൽക്കുന്ന കശേരുക്കൾ, പല്ലുകളുടെ എണ്ണം, കൊമ്പിന്റെയും തലയുടെയും ഉയരം, ചിറകുകളുടെ രൂപം, നിറം തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ്.സുവോളജിക്കൽ സർവേ സീനിയർ ശാസ്ത്രജ്ഞനും സ്രാവുകളുടെ റെഡ് ലിസ്റ്റ് അസസ്‌മെൻറ് വിദഗ്ധനുമായ ഡോ. കെ.കെ. ബിനീഷിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. സെഡ്.എസ്.ഐ. ജേണലിൽ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്രാവുകളുടെയും തിരണ്ടികളുടെയും എണ്ണം വളരെ കുറഞ്ഞിട്ടുണ്ടെന്നും ഇവയെ സംരക്ഷിക്കാൻ നടപടികൾ ആവശ്യമാണെന്നും ഡോ. കെ.കെ. ബിനീഷ് പറഞ്ഞു.