പായിപ്ര പഞ്ചായത്തിലെ പോയാലിമലയില്‍ നടത്തിയ ബയോ-സര്‍വേയില്‍ വിവിധ ഇനങ്ങളില്‍പെട്ട 83 സസ്യങ്ങളെയും 23 ചിത്രശലഭങ്ങളെയും കണ്ടെത്തി.ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഫോറസ്റ്റ് ക്ലബ് എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്.40 സസ്യകുടുംബങ്ങളില്‍ പെട്ടതാണ് 83 സസ്യഇനങ്ങള്‍. ഇതില്‍ 27 വൃക്ഷങ്ങള്‍, 26 ചെറുസസ്യങ്ങള്‍, 14 കുറ്റിച്ചെടികള്‍, 15 വള്ളിച്ചെടികള്‍, ഒരു പായല്‍ ഇനം എന്നിവ ഉള്‍പ്പെടുന്നു. നിംഫാലിഡേ വിഭാഗത്തില്‍പെട്ട 12 സ്പീഷീസ്, പിയറിഡേ (4), പാപ്പിലിയോനിഡേ (3), ഹെസ്പെരിഡേ (2), ലൈകനിഡേ (2) എന്നിവയാണ് കണ്ടെത്തിയ പ്രധാന ചിത്രശലഭ ഇനങ്ങള്‍.സര്‍വേ ലീഡര്‍ ഡോ. ജോസഫ് തോമസ്, ക്യാമ്പ് കോഡിനേറ്റര്‍ ഡോ. രവീന്ദ്രനാഥ കമ്മത്ത്, സെക്രട്ടറി ഡോ. ദേവിക, പ്രസിഡന്റ് ഡോ. ശ്രീരാജ് കെ. ദാമോദര്‍ എന്നിവരടങ്ങുന്ന സംഘമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. സര്‍വേ റിപ്പോര്‍ട്ട് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസിന് എ.എം.എ.ഐ. മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് ഡോ. ശ്രീരാജ് കെ. ദാമോദര്‍ കൈമാറി. പായിപ്ര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. മുഹമ്മദ് ഷാഫി, പഞ്ചായത്തംഗങ്ങളായ എം.എ. നൗഷാദ്, എ.ടി. സുരേന്ദ്രന്‍, വിജി പ്രഭാകരന്‍, വി.ഇ. നാസര്‍, എല്‍ജി റോയ്, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.