കാസർകോട് ആദ്യമായി കാതിലക്കഴുകനെ (റെഡ് ഹെഡഡ് വൾച്ചർ) കണ്ടെത്തി. മഞ്ഞം പൊതിക്കുന്നിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ എന്നും അറിയപ്പെടാറുണ്ട്. കേരളത്തിൽ വയനാട് ജില്ലയിൽ നിന്നാണു മുൻപ് കാതിലക്കഴുകന്റെ ചിത്രങ്ങൾ കൂടുതലായി ലഭിച്ചിട്ടുള്ളത്. 1964ൽ ഇടുക്കിയിലും കഴിഞ്ഞ വർഷം പാലക്കാടും ഇവയെ കണ്ടതായി റിപ്പോർട്ടുണ്ട്. പുതിയ കണ്ടെത്തലോടെ കാസർകോട് കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 407 ആയി ഉയർന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിയായ പക്ഷി നിരീക്ഷകൻ ശ്രീലാൽ കെ.മോഹനാണ് കാതിലക്കഴുകന്റെ ചിത്രം പകർത്തിയത്.
ചുവപ്പു നിറത്തിലുള്ള തലയാണ് ഇവയുടെ പ്രത്യേകത. ചിറകുവിടർത്തുമ്പോൾ രണ്ടര മീറ്റർ വരെ വീതിയുണ്ട്. ചെവിയുടെ ഭാഗത്ത് തൊലി തൂങ്ങി നിൽക്കും. കറുപ്പു നിറമാണ് ശരീരത്തിന്. വയറിന്റെ ഭാഗത്ത് വെളുത്ത പൊട്ടു പോലെയുണ്ട്. പറക്കുമ്പോൾ ഇതു വ്യക്തമായി കാണാം. ശരാശരി 80 സെന്റിമീറ്ററിലേറെ നീളവും 4–5 കിലോ തൂക്കവുമുണ്ടാകും. കാതിലക്കഴുകൻ കൂട്ടമായി ഇര തേടാറില്ല. ഒറ്റയ്ക്കോ ഇണയോടൊപ്പം ചേർന്നോ കാണാറുണ്ട്. നവംബർ മുതൽ ജനുവരി വരെയാണു പ്രജനന കാലം. കഴിഞ്ഞ വർഷം നവംബറിൽ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ നിന്ന് തോട്ടിക്കഴുകനെ (ഈജിപ്ഷ്യൻ വൾച്ചർ) കണ്ടെത്തിയിരുന്നു. 1970കൾ വരെ കേരളത്തിന്റെ പല ഭാഗത്തും കഴുകൻമാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പിന്നീട് റിപ്പോർട്ടുകൾ തീരെ കുറഞ്ഞിരുന്നു.