കൊക്ക് കണ്ടാൽ ഷൂസു പോലെയുള്ള പക്ഷിയോ? അതെ അങ്ങനെയും ഒരു പക്ഷിയുണ്ട് ലോകത്തിൽ. പേരും അങ്ങനെതന്നെ ഷൂബിൽ. ഷൂ പോലത്തെ കൊക്കും പഴഞ്ചൻ ലുക്കുമുള്ള ഇവനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ ചരിത്രാതീതകാലത്തെ ഏതോ ജീവിയെപ്പോലിരിക്കും.
നാലര അടിയോളം നീളവും ഏഴു കിലോവരെ തൂക്കവുമുള്ള വലിയൊരു നീർപ്പക്ഷിയാണ് ഷൂബിൽ. സ്വദേശം ആഫ്രിക്ക, കോംഗോ, ഇത്യോപ്യ, റുവാൺ, സുഡാൻ, ടാൻസാനിയ, ഉഗാണ്ട തുടങ്ങി ഒൻപതോളം ആഫ്രിക്കൻ രാജ്യങ്ങളിലെ ചതുപ്പുകളും നീർത്തടങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. പൊതുവേ ഒറ്റയ്ക്കു കഴിയാനിഷ്ടമുള്ള കൂട്ടരാണിവ. ഇണപ്പക്ഷികളാണെങ്കിൽ കൂടി ഒരേ പ്രദേശത്തിന്റെ രണ്ടറ്റങ്ങളിലേ താമസിക്കൂ.
കാഴ്ചയിൽ കൊക്കിനോടാണ് സാമ്യമെങ്കിലും കുടുംബപരമായി നോക്കിയാൽ ഷൂബില്ലുകളുടെ ഏറ്റവുമടുത്ത ബന്ധുക്കൾ പെലിക്കണുകളാണ്. വലിയ കൊക്കിനുപുറമേ വലിയ കാൽപാദങ്ങളും ഇവയ്ക്കുണ്ട്. താറാവിന്റേതുപോലെയുള്ള കാൽപാദത്തിൽ നാല് വിരലുകളുണ്ടാകും. നടുവിരലിന് ഏതാണ്ട് 18 സെന്റീമീറ്ററാണ് നീളം. വെള്ളത്തിനുമുകളിലെ ചെടിപ്പടർപ്പുകളിലും മറ്റും ഏറെ നേരം ഉറച്ചു നിൽക്കാൻ ഈ വമ്പൻ പാദങ്ങൾ ഷൂബില്ലുകളെ സഹായിക്കുന്നു. ചെറുതും വലുതുമായ മത്സ്യങ്ങളാണ് ഇഷ്ടഭക്ഷണം. മീനിനുപുറമെ തവളകൾ, പാമ്പുകൾ, ചെറുമുതലകൾ മറ്റു ജലപ്പക്ഷികളുടെ കുഞ്ഞുങ്ങൾ തുടങ്ങിയവയെയും ഇവ അകത്താക്കും. വെള്ളക്കെട്ടുകൾ നിറഞ്ഞ ധാരാളം തീറ്റ ലഭിക്കുന്ന പ്രദേശങ്ങളിൽ മാറി മാറി ഇവ താമിസിക്കാറുണ്ട്.
ഏതാണ്ട് 50 വർഷമാണ് ഷൂബില്ലിന്റെ ആയുസ്, ആയുസ് കൂടുതലാണെങ്കിലും ഇവയിന്ന് വംശനാശത്തിന്റെ വക്കിലാണ്. കാട്ടുതീ, വനനശീകരണം, കാലിവളർത്തൽ, വരൾച്ച തുടങ്ങി പലവിധ കാരണങ്ങളാൽ കാടുകളും ചതുപ്പുകളും നീർപ്രദേശങ്ങളുമൊക്കെ കുറഞ്ഞുവരുന്നതും അനധികൃത വേട്ടയാടലുമൊക്കെ ഇവയ്ക്ക് ഭീഷണിയാകുന്നു.