Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, February 12, 2025

Latest News

Archive

പെരുമ്പളം ദ്വീപിൽ തീച്ചിന്നൻ പക്ഷിയെ കണ്ടെത്തി; പ്രത്യേകതകൾ ഇവ (Source: Malayala Manorama 03.09.2023)

തീച്ചിന്നൻ (സ്മോൾ മിനീവെറ്റ്) ചിത്രം പകർത്തിയത്  പക്ഷിനിരീക്ഷകനായ അർജുൻ സുരേഷ്

     

            പക്ഷിനിരീക്ഷകർ പെരുമ്പളം ദ്വീപിൽ നിന്ന് ഒരു പുതിയ അതിഥിയെ കൂടി കണ്ടെത്തി. ഇതോടുകൂടി ജില്ലയിലെ പക്ഷി ഇനങ്ങളുടെ എണ്ണം 307 ആയി. തീച്ചിന്നൻ (സ്മോൾ മിനിവെറ്റ്) എന്നാണ് ഈ പക്ഷി ഇനത്തിന്റെ പേര്. പൊതുവേ വനമേഖലകളിലും വൃക്ഷനിബിഡമായ പ്രദേശങ്ങളിലും കഴിയുന്ന ഇവയെ ജില്ലയിൽ ആദ്യമായിട്ടാണ് കാണുന്നത്. നാട്ടിൽ സാധാരണമായ ആറ്റക്കുരുവിയെക്കാൾ ചെറുതാണ്. എങ്കിലും നീണ്ടു നേരിയ വാലും പ്രത്യേകനിറവും മൂലം കാഴ്ചയിൽ വളരെ ആകർഷണമുണ്ട് തീച്ചിന്നന്.

 

        ആൺപക്ഷിയുടെ തലയും പുറംകഴുത്തും മുതുകും ചാരനിറമാണ്. താടിക്കും കഴുത്തിനും ചിറകുകൾക്കും വാലിനും കറുപ്പു നിറമാണെങ്കിലും അവിടവിടെയായി ചുവപ്പു നിറത്തിലുള്ള അടയാളങ്ങളുണ്ട്. അടിഭാഗം ഇളം മഞ്ഞനിറം. വാലിനു തൊട്ടു മീതെയും മുതുകും കടും ചുവപ്പു നിറമായിരിക്കും. പെൺപക്ഷികൾക്കു താടിയും കഴുത്തുമെല്ലാം മഞ്ഞ കലർന്ന ചാര നിറമായിരിക്കും. ചെറുപാറ്റകളും പുഴുക്കളുമൊക്കെയാണ് ഇഷ്ടഭക്ഷണം.

 

         സർക്കാരിന് കീഴിലുള്ള പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്,തണ്ണീർത്തട അതോറിറ്റി,കാർഷിക സർവകലാശാല, ബേഡേഴ്സ് എഴുപുന്ന ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പളം ദ്വീപിൽ മാസം തോറും നടത്തുന്ന പക്ഷിസർവേയുടെ ഭാഗമായിട്ടാണ് തീച്ചിന്നനെ കണ്ടെത്തിയത്. പക്ഷിനിരീക്ഷകരായ അർജുൻ സുരേഷ്, ബി.സുമേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പക്ഷിയെ തിരിച്ചറിഞ്ഞതും ചിത്രം പകർത്തിയതും.