Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Friday, January 17, 2025

Latest News

Archive

കൊല്ലം തീരത്ത് സണ്‍ഫിഷില്‍നിന്ന് അത്യപൂര്‍വ നാടവിരയെ കണ്ടെത്തി (Source: Mathrubhumi 30.09.2024)

ശക്തികുളങ്ങര ഹാര്‍ബറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സണ്‍ഫിഷ് വിഭാഗത്തില്‍പ്പെട്ട ഷാര്‍പ്പ്‌ടെയില്‍ മോളയുടെ കരളില്‍നിന്ന് ജിംനോറിങ്കസ് ഇസൂറി എന്ന നാടവിരയെ കണ്ടെത്തി. ജനുവരി 15-ന് കണ്ടെത്തിയ സണ്‍ഫിഷിന്റെ കരളില്‍നിന്നു വേര്‍തിരിച്ചെടുത്ത 13 വിരകളില്‍നിന്ന് ഡി.എന്‍.എ. സാങ്കേതികവിദ്യയിലൂടെയാണ് നാടവിരയെ കണ്ടെത്തിയത്.കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജെ. സര്‍ളിന്റെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ ഗവേഷകരായ സന്റാറോയും ഫ്‌ലാവിയ ഒഷിവോവേയും സംയുക്തമായാണ് ഗവേഷണം നടത്തിയത്. കണ്ടെത്തല്‍ അന്താരാഷ്ട്ര ജേണലായ എം.ഡി.പി.ഐ.യുടെ ഫിഷ്‌സ് ഈ ആഴ്ച പ്രസിദ്ധീകരിച്ചു.അമേരിക്കന്‍ തീരത്തും മെഡിറ്ററേനിയന്‍ കടലിലും ഇതേ വിരയെ സണ്‍ഫിഷില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അറബിക്കടലിലും ഷാര്‍പ്ടെയില്‍ മോള എന്ന സണ്‍ഫിഷ് വിഭാഗത്തിലും ഇത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പി.ജെ. സര്‍ളിന്‍ പറഞ്ഞു.

ഇത്തരം മത്സ്യങ്ങളുടെ ദേശാടനത്തില്‍കാലാവസ്ഥാവ്യതിയാനം, ആഴക്കടല്‍ മത്സ്യബന്ധനം തുടങ്ങിയവയുടെ സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണ് - അദ്ദേഹം പറഞ്ഞു.അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ ചില സ്രാവുകളില്‍ കണ്ടിട്ടുള്ള ഈ പരാദവിരയുടെ ജീവിതചക്രം അവ്യക്തമാണ്. ഇവയുടെ വാസസ്ഥലവും ആതിഥേയ ജീവികളുടെ പരിധിയും വ്യാപിക്കുന്നു എന്ന കണ്ടെത്തല്‍ സണ്‍ഫിഷുകളുടെ ദേശാടന വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാകുമെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു.