തെന്മലയിൽ കഴിഞ്ഞ ഒരാഴ്ചയായ വന്യജീവി ഫൊട്ടോഗ്രഫർമാരുടെ തിരക്കാണ്. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ(ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ) സാന്നിധ്യമാണ് തെന്മലയെ ഫൊട്ടോഗ്രഫർമാരുടെ പ്രിയ ഇടമാക്കി മാറ്റിയത്. വംശനാശഭീഷണി നേരിടുന്ന ഇവയുടെ സാന്നിധ്യം 2016ലും തെന്മലയിൽ ഉണ്ടായിരുന്നു. ശെന്തുരുണിയുടെ ഉൾവനങ്ങളിൽ മാത്രം കാണുന്ന വേഴാമ്പൽ പതിമൂന്നുകണ്ണറയ്ക്കു സമീപത്തുള്ള വനത്തിലെ ആലിന്റെ പഴം ഭക്ഷിക്കാനാണ് എത്തുന്നത്. ദേശീയപാതയോട് ചേർന്നുള്ള ആൽമരത്തിലാണ് ഇവ ഇപ്പോൾ കൂട്ടമായി എത്തുന്നത്. 100 മലമുഴക്കിയെ ഇവിടെ കണ്ടതായി പറയുന്നു.
ഇവയുടെ ചിത്രം പകർത്താൻ പുലർച്ചെ തന്നെ ഫൊട്ടോഗ്രഫർമാർ എത്തും. വേഴാമ്പലിന്റെ സാന്നിധ്യം അറിഞ്ഞ് സഞ്ചാരികളുടെ തിരക്കും ഏറിയിട്ടുണ്ട്. മരച്ചില്ലകളിൽ വിശ്രമിക്കുന്ന വേഴാമ്പൽ പറക്കാനായി ശബ്ദം ഉണ്ടാക്കുന്നത് ഇവയെ ഇവിടെ നിന്ന് അകറ്റുമെന്ന ആശങ്കയിലാണ് പക്ഷിനിരീക്ഷകർ. സഞ്ചാരികളുടെ സാന്നിധ്യം ഏറിയതോടെ നെല്ലിയാമ്പതിയിലും അതിരപ്പള്ളിയിലും വേഴാമ്പലിനെ കാണാതായതായും ഇവർ പറയുന്നു.
മലമുഴക്കി എന്ന പേര്
ഹെലികോപ്റ്ററിന്റേതിനു സമാനമായ ശബ്ദത്തോടെയാണ് ഇവ പറക്കുന്നത്. ഈ ശബ്ദം മലയോരങ്ങളിൽ തട്ടി പ്രതിഫലിക്കും. പതിമൂന്നുകണ്ണറയിൽ നിന്നാൽ ഇവയുടെ പറക്കലിന്റെ ശബ്ദം കേൾക്കാം. കാടിനെ പ്രകമ്പനം കൊളളിക്കുന്ന ഈ ശബ്ദം തന്നെയാണു പേരിനു കാരണവും. നിത്യഹരിത വനവും അർധ നിത്യഹരിതവനവുമാണ് ആവാസ കേന്ദ്രം. ഇന്ത്യ, മ്യാൻമർ, തെക്കൻ ചൈന, വിയറ്റ്നാം, സുമാത്ര എന്നീ രാജ്യങ്ങളിലാണ് സാധാരണയായി കാണുന്നത് . കേരളത്തിൽ ശെന്തുരണി വനം, ആതിരപ്പള്ളി, നെല്ലിയാമ്പതി എന്നിവടങ്ങളിൽ സാന്നിധ്യമുണ്ട്. ഇലകളും, ചെറുപഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. വനത്തിൽ കൂട്ടമായിട്ടാണ് മലമുഴക്കിയെ കാണാറുള്ളത്. കുറഞ്ഞത് 20 എണ്ണമടങ്ങുന്ന കൂട്ടമായാണ് സഞ്ചാരം.